
Theyyapperuma-09
സാമൂഹ്യഘടന:
ഓരോ ഗ്രാമത്തിലെയും ബ്രാഹ്മണരാല്‍ ഭരിക്കപ്പെടുന്ന മഹാക്ഷേത്രത്തിലെ അധീശ ദേവന് കൂവം അളന്നു നല്കി വര്‍ഷം തോറും കീഴാചാരം നടത്താനും കളിയാട്ടത്തിന് മുന്നോടിയായി തെയ്യക്കാവുകളിലെക്ക് ഇതേ ക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും വാങ്ങി കൊണ്ട് വരുന്ന സമ്മതാനുഗ്രഹ ചടങ്ങ് നടത്താനും അലിഖിതമായ ഒരു തീരുമാനം അവര്‍ ഉണ്ടാക്കി. പില്ക്കാലത്ത് അത് പാരമ്പര്യമായി നിലവില്‍ വന്നു. ഇതോടൊപ്പം ഓരോ തെയ്യത്തിന്റെയും ഐതിഹ്യ കഥയില്‍ ക്ഷേത്ര ദേവന്റെ സമ്മതവും അനുഗ്രഹവും വാങ്ങിയാണ് അതതു കാവുകളില്‍ കുടികൊണ്ടതെന്ന കാര്യവും എടുത്ത് പറയുകയും വേണം. ഒപ്പം പ്രസ്തുത ക്ഷേത്രത്തെയും നാടുവാഴിയെയും തെയ്യത്തിന്റെ തോറ്റത്തില്‍ സ്തുതിച്ചു പാടുകയും ചെയ്യും.
തെയ്യക്കാവിലെ കോയ്മ നേരത്തെ സൂചിപ്പിച്ച പോലെ നായര്‍–നമ്പ്യാര്‍ ജാതിക്കാര്‍ക്കും പൊതുവാള്മാര്ക്കുമാണ്. ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ നായര്‍ ജാതി ശൂദ്രരാണെങ്കിലും അക്കാലങ്ങളില്‍ നമ്പൂതിരിമാര്‍ മരുമക്കത്തായ സമ്പ്രദായം നില നിന്നിരുന്ന നായര്‍ സ്ത്രീകളെ സംബന്ധം ചെയ്യുന്നത് പതിവായിരുന്നു. ഇങ്ങിനെ നമ്പൂതിരിമാര്‍ക്ക് നായര്‍ സ്ത്രീകളില്‍ ഉണ്ടായവരാണ് നമ്പ്യാര്‍മാര്‍ എന്ന് അറിയപ്പെടുന്നത്. അങ്ങിനെ ഇവരും സമൂഹത്തില്‍ സവര്‍ണ ജാതിയില്‍ പ്പെടുന്നവരായി ഗണിക്കപ്പെട്ടു. ഇവരുടെ സാന്നിധ്യവും സമ്മതവും കോയ്മ എന്ന നിലയില്‍ കാവിലെ എല്ലാ പ്രധാനപ്പെട്ട ചടങ്ങുകള്‍ക്കും നിര്‍ബന്ധമാണ്.
ഇതിനു പുറമേ നേരത്തെ സൂചിപ്പിച്ച പോലെ നമ്പൂതിരിമാര്‍ക്ക് പൂജാധികാരം ഉള്ളത് പോലെ ഓരോ ജാതിക്കും ഓരോ അവകാശങ്ങള്‍ കല്പ്പിച്ചു കൊടുത്തിട്ടുണ്ട്. ഇതും കര്‍ശനമായി പാലിക്കപ്പെടണം.
തെയ്യച്ചടങ്ങുകളുടെ ഓരോ ഘട്ടത്തിലും അത് കുറി കൊടുക്കുന്നതായാല്‍ പോലും ആദ്യം ഉന്നതരായ ആളുകളെ ക്രമപ്രകാരം പരിഗണിച്ചു മാത്രമേ തെയ്യാട്ടക്കാരന്‍ കുറി നല്‍കാവൂ. കോയ്മ, കാരണവര്‍, സമുദായി തുടങ്ങി വിവിധ തട്ടുകളില്‍ വരുന്ന ഈ വിഭാഗങ്ങളെ അവരുടെ ക്രമത്തില്‍ വേണം ബഹുമാനിക്കാന്‍. ഇത് തെറ്റിച്ചാല്‍ തെയ്യാട്ടം കഴിഞ്ഞ ശേഷം കാവിന്റെ നടയില്‍ വെച്ച് ശിക്ഷാവിധിയും ഉണ്ടാകും.
കനലാട്ടക്കാര്ക്ക് ആദ്യകാലങ്ങളില്‍ പട്ടും വളയും സ്ഥാനമാനങ്ങളും നല്‍കിയിരുന്നത് ഇത്തരം മഹാക്ഷേത്രങ്ങളില്‍ പ്രത്യേകമായൊരുക്കിയ വേദിയില്‍ വെച്ചായിരുന്നു.
ഇങ്ങിനെ പ്രകടമായ സവര്‍ണ മേധാവിത്വത്തിന്റെ നീരാളിക്കൈകള്‍ ഈ സാമൂഹ്യ ഘടനയില്‍ പ്രത്യക്ഷമായി തന്നെ നമുക്ക് കാണാന്‍ കഴിയും.
ആര്യ ദ്രാവിഡ സംഘട്ടനങ്ങളുടെ കഥകള്‍ സാംസ്ക്കാരികാധിനിവേശത്തിന് വേണ്ടി ഫലപ്രദമായി രൂപാന്തരപ്പെടുത്തിയതാണ് ദേവാസുര യുദ്ധങ്ങള്‍. ഇതില്‍ അസുരന്മാര് എന്നും നല്ലവരും ശക്തിയുള്ളവരുമായിരുന്നുവെങ്കിലും അവരെ ദേവ പക്ഷത്തുള്ളവര്‍ എന്നും തോല്‍പ്പിക്കുകയും കൊല്ലുകയും ചെയ്യുന്നതോടൊപ്പം അവരെ മോശക്കാരായുമാണ് ചിത്രീകരിച്ചിരുന്നത്.
അസുരന്മാരായ കേരള ജനതക്ക് വേണ്ടി പ്രഹ്ലദാന്റെ പൌത്രനും അസുരചക്രവര്ത്തിയുമായ മഹാബലിയായിരുന്നു അന്ന് കേരളം ഭരിച്ചിരുന്നത്. മാലോകരെല്ലാവരും ഒന്ന് പോലെയായിരുന്ന ആ കാലം കണ്ടു കുശുമ്പ് വന്ന ഇന്ദ്രാദികള്‍ വിഷ്ണുവിനെ തന്റെ അവതാരമായ വാമന വേഷത്തില്‍ മഹാബലിയുടെയടുത്തേക്ക് അയപ്പിച്ച് വരം ആവശ്യപ്പെട്ടു ഒടുവില്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുകയായിരുന്നു. അങ്ങിനെയുള്ള ആ വിഷ്ണുവിന്റെ വാമനാവതാര രൂപമാണ് തൃക്കാക്കരയിലെ വിഷ്ണു പ്രതിഷ്ഠ. വിഷ്ണുവിന്റെ ഔദാര്യം കൊണ്ട് മാത്രം വര്‍ഷത്തില്‍ ഒരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ വരുന്ന മഹാബലിയെ സ്വീകരിക്കുന്ന ചടങ്ങാണല്ലോ നമ്മള് ഓണം എന്ന പേരില്‍ ഇന്നും ആഘോഷിക്കുന്നത്.
ഇവിടെ അസുര രാജാവായിരുന്ന മഹാബലിക്ക് കേരളം മുഴുവന്‍ ക്ഷേത്രങ്ങള്‍ പണിയുന്നതിനു പകരം മഹാബലിയെ ചവിട്ടി താഴ്ത്തിയ വാമനാവതാരമായ വിഷ്ണുവിന് തൃക്കാക്കരയില്‍ ക്ഷേത്രം പണിത് ആ മൂര്‍ത്തിയെ ആരാധിക്കുകയാണ് അസുരമാരുടെ പിന്മുറക്കാരായ നമ്മള് മലയാളികള്‍ ചെയ്യുന്നത്. ഇന്നും നിസ്സങ്കോചം യാതൊരു ഉളുപ്പുമില്ലാതെ നാം അത് നിര്‍വഹിച്ചു പോരുന്നു.
സവര്‍ണ മേല്‍ക്കോയ്മയുടെ ഈ സാംസ്ക്കാരികാധിനിവേശം മലബാര്‍ മേഖലയില്‍ നടത്തപ്പെടുന്ന തെയ്യാട്ടത്തിലും കാണാം. ആര്യംവംശജരായ ആളുകള്‍ ദ്രാവിഡ വംശജരുടെ മേല്‍ നേടിയ അധീശത്വം സാംസ്ക്കാരികാധിനിവേശമായി നമ്മുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നതാണ് അസുരന്മാരെ വധിച്ച ദേവതകളായി കാളിയെയും ചാമുണ്ഡിയെയും അത് പോലെ മറ്റ് വൈഷ്ണവ ദേവതകളുടെയും ഒക്കെ രൂപത്തില്‍ നമ്മുടെ മുന്നില്‍ അവതരിപ്പിച്ചു അവയെ നമ്മളെക്കൊണ്ട് തന്നെ ആരാധിപ്പിക്കുന്ന രീതി.
ഒരു ജനതയെയാകെ മഹാബലിയുടെ കാര്യത്തിലെന്ന പോലെ തങ്ങളുടെ സ്വന്തം പ്രപിതാമഹന്മാരെ (പൂര്‍വികരായ പിതാക്കളെ) കൊന്നൊടുക്കിയവരായ കൊലയാളികളായിട്ടുള്ളവരെ തന്നെ തങ്ങളുടെ രക്ഷകരായി അവതരിപ്പിച്ചു കൊണ്ട് അവരെ ആരാധിക്കേണ്ട അവസ്ഥയിലേക്ക് അവരെ സ്വയം എത്തിച്ചത് ഓരോ ആളെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
തെയ്യാട്ടത്തിലെ ഭഗവതിതോറ്റങ്ങളില് അസുര നിഗ്രഹം ചെയ്ത ദേവതമാരെക്കുറിച്ചു അന്യത്ര വര്‍ണ്ണിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അസുരന്മാര് ആരെന്നും സുരന്മാര് ആരെന്നും നാം അറിയേണ്ടതുണ്ട്.
ബ്രഹ്മാവിന്റെ പത്ത് മാനസപുത്രന്മാരില് ഒരാളായ മാരീചിയുടെ പുത്രനും സപ്തര്‍ഷികളില്‍ ഒരാളുമായ കശ്യപന് ദക്ഷപ്രജാപതിയുടെ മക്കളായ അദിതിയില്‍ ജനിച്ചവര്‍ ദേവന്മാരും, ദിതിയില്‍ ജനിച്ചവര്‍ അസുരന്മാരുമായി കണക്കാക്കി വരുന്നു. ചുരുക്കത്തില്‍ ദേവന്മാരുടെ അര്‍ദ്ധ സഹോദരന്മാരാണ് അസുരന്മാര്.
ദിതിയില്‍ ജനിച്ചവരാണ് ഹിരണ്യകശിപു. അതിനാല്‍ ഹിരണ്യ കശിപുവിന്റെ മകനായ പ്രഹ്ലാദന് ദൈത്യനായി. പ്രഹ്ലാദന്റെ പൌത്രനാണ് അസുര ചക്രവര്‍ത്തിയായ മഹാബലി. മഹാബലിയുടെ ഗുരുവാണ് അസുരഗുരുവായ ശുക്രാചാര്യര്‍. മഹാബലി മൂന്ന് ലോകവും പിടിച്ചടക്കി അശ്വമേധം നടത്തിയിരുന്നു. ദേവലോകത്ത് കശ്യപന്റെ മകനായ ഇന്ദ്രന്റെ സിംഹാസനം രക്ഷിക്കുക എന്നത് അദ്ദേഹത്തിന്റെ ഇളയ സഹോദരന് കൂടിയായ വിഷ്ണുവിന്റെ ചുമതലയായി. അങ്ങിനെയാണ് വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനരൂപം പൂണ്ടു മഹാബലിയെ പാതാളത്തിലെക്കയച്ചു സഹോദരന് കൂടിയായ ഇന്ദ്രന്റെ സിംഹാസനം വിഷ്ണു രക്ഷിച്ചത്.
ഇവിടെ വിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ അഞ്ചാമത്തെ അവതാരമാണ് വാമനന്. ഈ വാമനനാണ് കേരളം ഭരിച്ചു എന്ന് നമ്മള് വിശ്വസിക്കുന്ന മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്. ഇതിനു ശേഷമാണ് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന് കടന്നു വരുന്നത്. ആ പരശുരാമനാണ് മഴു എറിഞ്ഞു ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള സ്ഥലം കടലില്‍ നിന്ന് ഉയര്‍ത്തി കേരളം സൃഷ്ടിച്ചതെന്നും നമ്മള് വിശ്വസിക്കുന്നത്. വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന് കേരളം ഉണ്ടാക്കുന്നതിന് മുന്നേ ഇവിടെ കേരളം ഉണ്ടായിരുന്നുവെന്നും ആ കേരളം ഭരിച്ചിരുന്നത് അസുരരാജാവായ മഹാബലിയായിരുന്നുവെന്നും അദ്ദേഹത്തെ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരം പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്നും നാം കണ്ടു കഴിഞ്ഞു. അത് വിശ്വസിച്ചു കൊണ്ട് അതിന്റെ പേരിലാണല്ലോ നാം ഇന്നും ഓണം ആഘോഷിക്കുന്നത്.
ആദ്യകാലത്ത് തെക്കേ ഇന്ത്യയില്‍ ശൈവ ഭക്തരായിരുന്നു കൂടുതല്‍. ഉത്തരേന്ത്യയിലാകട്ടെ വൈഷ്ണവ ഭക്തരും. തെയ്യങ്ങള്‍ പലതും ശിവന്റെ ഭൂതഗണവുമായി ബന്ധപ്പെട്ടതാണ് അത് പോലെ ഭഗവതി തെയ്യങ്ങള്‍ പാര്‍വതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രഹ്മാവ്, വിഷ്ണു, ശിവന് എന്നെ ത്രിമൂര്‍ത്തി സങ്കല്പം ഉണ്ടാക്കി പിന്നീട് അതിനനുസരിച്ചുള്ള കഥകള്‍ മെനയുകയായിരുന്നു ആര്യന്മാര് ചെയ്തത്. അങ്ങിനെ ആര്യദ്രാവിഡ സങ്കലനത്തിന് ശേഷം സാംസ്ക്കാരികമായ ഒരു മേല്‍ക്കോയ്മ ആര്യന്മാര് ദ്രാവിഡരുടെ മേല്‍ നേടി.
ആര്യന്മാര് പിതൃദായകരും ദ്രാവിഡര്‍ മാതൃദായകരുമാണ്. (മക്കത്തായവും, മരുമക്കത്തായവും പാലിക്കുന്നവര്‍)
അസുരന്മാരെ പാപികളും രാക്ഷസന്മാരുമായി വിശേഷിപ്പിച്ച് വരുന്നവര്‍ വേദകാലഘട്ടത്തിന്റെ തുടക്കത്തില്‍ അസുരന്മാര്ക്ക് ദേവകളുടെ സ്ഥാനമുണ്ടായിരുന്നു എന്നും പറയുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും ദേവന്മാര് പ്രതിനായക സ്ഥാനത്താണ് അസുരന്മാരെ പ്രതിഷിച്ചിരിക്കുന്നത്.
എന്നാല്‍ ഇങ്ങിനെ ഒരു വിവേചനത്തിന്റെ ആവശ്യമില്ലെന്നും ദേവന്മാര് എന്നും അസുരന്മാര് എന്നും പറയുന്നത് ആര്യന്മാരും ദ്രാവിഡന്മാരും അല്ലെന്നും ഇവര്‍ ഒറ്റ ജനതയാണെന്നും ഇത്തരത്തില്‍ ഒരു വിഭജനം ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ ചെയ്തതാണെന്നും വിശ്വസിക്കുന്നവരുണ്ട്. കാര്യമെന്തായാലും ദ്രാവിഡന്മാര് ഇന്നും ഉള്ളത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്ടില്‍ ദ്രാവിഡന്മാരുടെ രാഷ്ട്രീയമാണ് ഇന്നും മുഖ്യമായിട്ടുള്ളത്. ദ്രാവിഡ മുന്നേറ്റ കഴകവും അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും ഇന്നും നമ്മുടെ മുന്നിലുണ്ട്. ഭാഷകളെയും ഇത്തരത്തില്‍ തരം തിരിച്ചിട്ടുണ്ട്. അതില്‍ തമിഴിനു പുറമേ മലയാളം അടക്കം ദ്രാവിഡ ഭാഷകളിലാണ് ഉള്‍പ്പെടുന്നത്.
ദ്രാവിഡരെപ്പോലെ ആര്യന്മാരും കുടിയേറിയവരല്ലെന്നും തദ്ദേശ വാസികളാണെന്നും വിശ്വസിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ ഇവര്‍ രണ്ടു പേരും വിവിധ ഘട്ടങ്ങളിലായി കുടിയേറിയവരാണ് എന്ന് വിശ്വസിക്കുന്നവരാണ് കൂടുതല്‍. സിന്ധു നദീ തട സംസ്ക്കാരവും ഹാരപ്പ, മോഹന്ജോദാര സംസ്ക്കാരത്തെയുംക്കുറിച്ച് കണ്ടു പിടിക്കുന്നത് വരെ ഇത്തരം വാദഗതികളില്‍ വിശ്വസിച്ചിരുന്നവര്‍ ധാരാളമായിരുന്നു. എന്നാല്‍ ഈ കണ്ടുപിടുത്തത്തോട് കൂടി ഇന്ത്യയില്‍ വളരെ കാലം മുന്നേ തദ്ദേശീയരായ ആള്ക്കാര് ഉണ്ടായിരുന്നുവെന്നും അവരെ പരാജയപ്പെടുത്തിക്കൊണ്ട് മുന്നെറി ആധിപത്യം സ്ഥാപിച്ചവരാന് ആര്യന്മാര് എന്നും ഇത് അവരുടെ വേദങ്ങളിലൂടെ വായിച്ചെടുക്കാമെന്നും വിശ്വസിക്കുന്നവരാണധികവും.
(തുടരും….)