
Theyyapperuma-10
തെയ്യപദാവലികള്‍:
അടയാളം: തെയ്യപ്രസാദമായ തിലകം, മഞ്ഞള്‍പ്പൊടി, ഭസ്മം
അടയാളം കൊടുക്കല്‍: തെയ്യാട്ടത്ത്തിനു ആളെ നിശ്ചയിച്ച് അച്ചാരം കൊടുക്കല്‍
ആത്മം കൊടുക്കുക: തുടങ്ങുക, ശ്രദ്ധ ചെലുത്തുക
ഇടവിലോകം: ഭൂമി ഉതിരം: ചോര ഉറയുക: ദര്‍ശനം കൊള്ളുക
ഉലക്കിഴിയുക: ഭൂമിയിലേക്ക് വരിക ഉളവനാകുക: പിറക്കുക
ഉദയാസ്തമനം കഴിക്കുക: കാവിലെ പ്രത്യേക നേര്ച്ച
അരങ്ങിലിറങ്ങുക: കാവിന്റെ തിരുമുറ്റത്ത് അനുഷ്ഠാനം നടത്തുക
കടുക വരിക : വേഗം വരിക കയ്യെടുക്ക:അടുക്കലേക്ക് വരിക
കളിയാമ്പള്ളി: കാവിനു വടക്ക് വശം കാളിക്ക് ബലി കൊടുക്കാനുള്ള പ്രത്യേക ഇടം
കൂച്ചില്‍: കോലക്കാരന്‍ വ്രതമിരിക്കുന്ന പുര
കൈനിലക്കൂട്ടുക: തയ്യാറാവുക നടവിടാന്തരെ: അവര്‍ എഴുന്നെള്ളി
പേര്‍ പൊലിക്ക: പേരിടുക പോതി: ഭഗവതി തമ്പാച്ചി: ദൈവം, കോമരം
വിശേഷിക്ക: പറയുക പാരണ: തെയ്യഭക്ഷണം
കൊണ്ട കൂട്ടുക: സംഭരിക്കുക വഴക്കം ചെയ്യ : കൊടുക്കുക
വതുക്കുക: രക്ഷിക്കുക കരക്ക: ആല
വഴിതിരിയുക: യാത്രയിറങ്ങുക മുതിര്‍ക്കുക : നേര്ച്ച വെക്കുക
മുതിര്‍ച്ച: നിവേദ്യം, ശേഷിപ്പെടുക: വന്നു ചേരുക
അടയാളം കൊടുക്കലും വരച്ചു വെക്കലും
തെയ്യം ഒരു അനുഷ്ഠാന കലയാണ് എന്ന് നേരത്തെ പറഞ്ഞല്ലോ? ഒരു ക്ഷേത്രത്തിലെ തെയ്യത്തിന്റെ തീയതി നിശ്ചയിച്ച ശേഷം പ്രധാന തെയ്യം കെട്ടുന്ന കോലക്കാരനെ നിശ്ചയിക്കുന്ന ചടങ്ങാണ് ആദ്യം ഇതിനു അടയാളം കൊടുക്കല്‍ എന്ന് പറയും. ആ പ്രദേശത്ത് തെയ്യം കെട്ടാന്‍ അവകാശം ഉള്ള ആള്‍ (ജന്മാരി) ക്ക് ദേവതാസ്ഥാനത്തിനു മുന്നില്‍ വെച്ച് വെറ്റില, പഴുക്ക, നെല്ല്, പണം എന്നിവ നല്‍കി ഇന്ന കോലം കെട്ടണമെന്ന് ആചാരപ്പേര് പറഞ്ഞെല്പ്പിക്കുന്ന ചടങ്ങാണിത്. തെയ്യം നടക്കുന്നതിനു മുന്‍പുള്ള സംക്രമ ദിവസമാണ് ഇത് സാധാരണ നടത്താറുള്ളത്. വരച്ചുവെക്കല്‍ ദിവസം കോലാധികാരിക്ക് അഡ്വാന്‍സ് കൊടുക്കലാണ് അടയാളം എന്നും പറയാം.
പെരുങ്കളിയാട്ടം നടക്കുന്ന കാവുകളില്‍ തെയ്യം കെട്ടാന്‍ അനുയോജ്യനായ ആളെ കണ്ടെത്തുന്ന ചടങ്ങിനെ വരച്ചു വെക്കല്‍ എന്ന് പറയുന്നു. എന്നാല്‍ സാധാരണ കളിയാട്ടങ്ങള്‍ക്കും വരച്ചു വെക്കല്‍ എന്ന് ചിലയിടങ്ങളില്‍ പറയാറുണ്ട്. കല്യാണ നിശ്ചയം പോലെ കളിയാട്ടം തീരുമാനിക്കുന്ന ചടങ്ങാണ് വരച്ചു വെക്കല്‍ എന്നും പറയാം. ചില തെയ്യങ്ങള്‍ക്ക് തെയ്യം കെട്ടുന്നതിനു മുമ്പേ വെക്കുന്ന തൊപ്പി (തലപ്പാള) ജന്മാവകാശമായി കിട്ടുന്നതാണ്. അത് അവകാശികള്‍ക്ക് മാത്രമേ കൈമാറാന്‍ പാടുള്ളൂ എന്നാണു. കാരണം തലപ്പാള കൈമാറിക്കഴിഞ്ഞാല്‍ അത് ലഭിച്ച ആള്‍ക്കായിരിക്കും പിന്നീട് പാരമ്പര്യമായി ആ തെയ്യം കെട്ടാനുള്ള അവകാശം ലഭിക്കുക.
വ്രതങ്ങള്‍
ചില തെയ്യങ്ങളുടെ കോലം അണിയാന്‍ കോലക്കാരന്‍ വ്രതം എടുക്കേണ്ടതുണ്ട്. മിക്കവാറും തെയ്യങ്ങള്‍ക്ക് ഇത്തരം വ്രതങ്ങള്‍ ഉണ്ട് താനും. ഓരോ തെയ്യത്തിന്റെയും പ്രത്യേകത അനുസരിച്ച് വൃതത്തിന്റെ രീതികളിലും മാറ്റങ്ങള്‍ ഉണ്ടാകും. വ്രതമെടുക്കേണ്ട കോലങ്ങളാണെങ്കില്‍ അടയാളം കൊടുക്കലോടു കൂടി തന്നെ അത് ആരംഭിക്കും. സ്ഥാനികരും കോമരങ്ങളും കോലക്കാരനുമെല്ലാം വ്രത ശുദ്ധിയോടെ യിരിക്കണം. തെയ്യങ്ങള്‍ക്ക് മുന്നേ അനുഷ്ടിക്കേണ്ട വ്രതം മൂന്നു ദിവസം, അഞ്ച് ദിവസം, ഏഴു ദിവസം എന്നിങ്ങനെയാണ്. ഇതോ ഓരോ തെയ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒറ്റക്കോലം തുടങ്ങിയ തീക്കോല തെയ്യങ്ങള്‍ക്ക് ഇരുപത്തി ഒന്ന് ദിവസം വരെ വ്രതം ഉണ്ട്. വ്രതം അനുഷ്ടിക്കുന്ന സമയത്ത് ഒരു പ്രത്യേക കച്ചി പുരയില്‍ താമസിച്ചു കൊണ്ട് മത്സ്യ മാംസാദികള്‍ വെടിഞ്ഞ് ശുദ്ധമായ ഭക്ഷണം കഴിക്കണം. മദ്യപിക്കുന്ന തെയ്യമാണെങ്കില്‍ പോലും തെയ്യാട്ടത്തിന്റെ ഭാഗമായേ മദ്യം കഴിക്കാവൂ. മുച്ചിലോട്ട് കാവുകളില്‍ ആണെങ്കില്‍ വരച്ചു വെക്കല്‍ കഴിഞ്ഞാല്‍ കോലക്കാരനും കോമരങ്ങളും വ്രതാനുഷ്ഠാനം ആരംഭിക്കുകയായി. അതിനാല്‍ തന്നെ കാവ് പരിസരം വിട്ടു ദൂരെ പോകാനോ ആശുദ്ധമാകാനോ പാടില്ല. തിനക്കഞ്ഞിയാണ് ഈ സമയങ്ങളില്‍ മുന്‍കാലങ്ങളില്‍ കഴിച്ചിരുന്നത്.
നട്ടത്തിറയും തെയ്യം കൂടലും: അപൂര്‍വ്വം ചില പ്രദേശങ്ങളില്‍ ഇന്നും തെയ്യം നടത്തുന്നതിന്റെ രണ്ടു ദിവസം മുന്‍പേ “നട്ടത്തിറ” എന്ന അനുഷ്ടാനം നടത്താറുണ്ട്. പൂജകള്‍, ഗുരുതി എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടായേക്കാം. എന്നാല്‍ തെയ്യാട്ടം ആരംഭിക്കുന്നതിന്റെ തലേന്നാള്‍ കോലക്കാരനും വാദ്യക്കാരെല്ലാം തെയ്യസ്ഥലത്ത് എത്തി സന്ധ്യക്ക് മുന്നേ വാദ്യങ്ങള്‍ കൊട്ടിയറിയിക്കും. തെയ്യാട്ടത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്ന ഈ ചടങ്ങിനാണ് തെയ്യം കൂടല്‍ എന്ന് പറയുന്നത്. സന്ധ്യയോടു കൂടിയോ അല്ലെങ്കില്‍ അതിനു മുന്നിലോ ആയി ഉച്ചതോറ്റം ആരംഭിക്കും. പിന്നീട് വെള്ളാട്ടം ഉണ്ടാകും. അതിനു ശേഷം തെയ്യം കെട്ടുന്ന കോലക്കാരന്‍ ദേവതാ സ്ഥാനത്ത് മുന്നില്‍ ചെന്ന് നിന്ന് അരിയും തിരിയും വെച്ച നാക്കില ഏറ്റു വാങ്ങുന്ന ചടങ്ങാണ് കൊടിയിലത്തോറ്റം. അന്തിതോറ്റം പേര് സൂചിപ്പിക്കുന്നത് പോലെ സന്ധ്യക്ക് ശേഷമാണ് മിക്ക ദിക്കിലും കണ്ടു വരുന്നത്.
ഉത്സവം തുടങ്ങുന്നതറിയിക്കാന്‍ ചുവപ്പ്, വെള്ള, കറുപ്പ് നിറങ്ങളടങ്ങിയ കൊടി കൊടിമരത്തില്‍ കയറ്റും. മുന്‍കാലങ്ങളില്‍ ഇത് ചെമ്പക മരത്തിലായിരുന്നു കയറ്റിയിരുന്നത്. കാവ് അടിച്ചു വാരി ചാണകം തളിക്കുകയും പള്ളിയറയില്‍ വിളക്ക് കത്തിച്ചു അണിയറയിലെ അനുഷ്ഠാന കല്ലില്‍ ആ വിളക്ക് വെക്കുന്നതോടെ അണിയറയും സജീവമാകും.
(തുടരും…)