
Theyyapperuma-22
മറ്റ് ദേവ സങ്കല്പങ്ങള്‍:
വേടന്‍:
ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട ആചാരമാണ് വേടൻ കെട്ടിയാടൽ. സ്കൂളില്‍ പഠിക്കുന്ന കുട്ടികളാണ് പൊതുവേ വേടന്‍ കെട്ടിയാടുന്നത്. ഇപ്പോള്‍ പഴയ പോലെ കുട്ടികളെ കിട്ടാത്ത അവസ്ഥ കാരണം ഈ ആചാരം ചിലയിടങ്ങളിലോക്കെ നിന്ന് പോയിട്ടുണ്ട്. വേടന്‍ കെട്ടിയാടുന്ന ദിവസങ്ങളില്‍ കര്‍ക്കിടക മാസത്തില്‍ അവര്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിയാത്തതും, വേടന്‍ കെട്ടിയാടുന്നവര്‍ തന്നെ മറ്റ് തൊഴിലുകള്‍ തേടുകയും ചെയ്തത് കാരണം ഇത് ഒരു അന്യം നിന്ന ചടങ്ങാവാന്‍ ഇടയായിട്ടുണ്ട്.
കാർഷികസംസ്കൃതിയുടെ ഭാഗമായ മേലാളർ–കീഴാളർ ബന്ധം ഉറപ്പിക്കുന്ന കാലത്ത് രൂപംകൊണ്ട, ഈ ആചാരം വളരെ നല്ലൊരു കലാരൂപമാണ്. കർക്കിടകത്തിലെ രോഗപീഡകൾ അകറ്റാനായുള്ള ഈ വേടൻ കെട്ടിയാടൽ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം അവകാശമാണ്. മലയ സമുദായത്തില്‍ പെട്ടവരാണ് വേടന്‍ കെട്ടിയാടുന്നത്. വണ്ണാന്‍ സമുദായക്കാരാകട്ടെ ‘ആടി’ യും കെട്ടിയാടുന്നു. ഇതില്‍ വേടന്‍ ശിവനും ആടി പാര്‍വതിയുമാണ്.
ആദ്യം വേടന്‍ ആണ് വരിക. പിന്നീടെ ആടി ഇറങ്ങുകയുള്ളൂ. ഈ രണ്ടു കൊച്ചു തെയ്യങ്ങളും കെട്ടുന്നത് വിദ്യാര്‍ഥികളാണ്. കര്‍ക്കിടക മാസത്തെ കൊരിച്ചോരിയുന്ന മഴയത്താണ് ഈ കുട്ടിത്തെയ്യങ്ങള്‍ വീട് വീടാന്തരം കയറിയിറങ്ങുന്നത്. ഇതില്‍ വേടന്‍ മുഖത്തും ദേഹത്തും ചായം പൂശി, തിളങ്ങുന്ന കിരീടവും ആടയാഭരണങ്ങള്‍ ധരിച്ചുമായിരിക്കും മുതിര്‍ന്ന ഒരാളുടെ കൂടെ വീട്ടു മുറ്റത്തേക്ക് വരിക. അങ്ങിനെയുള്ള വേടന്‍ സംസാരിക്കില്ല. ഇങ്ങിനെ വീട്ടിലെത്തുന്ന വേടനെ വിളക്ക് വെച്ച്, പറയില്‍ അരി നിറച്ചു പലക മേല്‍ വെച്ച് സ്വീകരിക്കും. വേടന്റെ കൂടെ ചെണ്ടയുമായി വന്നവരും മറ്റ് സഹായികളും ചെണ്ട കൊട്ടുന്നതിനു ഒപ്പം പാട്ട് പാടും. വേടന്‍ പാട്ട് എന്നാണ് ഇതറിയപ്പെടുന്നത്. തപസ്സ് ചെയ്തിരുന്ന അര്‍ജ്ജുനനെ പരീക്ഷിക്കാനായി വേടന്റെ രൂപത്തില്‍ വന്ന പരമശിവന്റെ കഥയാണത്രേ ഈ വേടന്‍ പാട്ടിലുള്ളത്.
കോലക്കാരുടെ വീടുകളില്‍ നിന്ന് വേഷം ധരിച്ചു വരുന്ന ഇവര്‍ വഴി മദ്ധ്യേ ചെണ്ട കൊട്ടാറില്ല. വീടുകളില്‍ എത്തിയ ശേഷം മാത്രമേ ചെണ്ട കൊട്ടുകയുള്ളൂ. ഒറ്റ ചെണ്ട മാത്രമേ ഇവര്‍ക്കുണ്ടാകൂ. കര്‍ക്കിടകം ഏഴു മുതല്‍ മലയരുടെ വേടനും പതിനേഴ് മുതല്‍ വണ്ണാന്‍മാരുടെ ആടിയും വീട് വീടാന്തരം സന്ദര്‍ശനം നടത്തുന്നു. ഓരോ ദേശത്തെയും ‘ജന്മാരി’മാര്‍ക്കാണ് ഇത് കെട്ടാനുള്ള അവകാശം. ഒറ്റ ചെണ്ട കൊട്ടി, വേടന്റെ പുരാവൃത്തം പാടുമ്പോള്‍ വേടന്‍ വീട്ടിന്റെ മുറ്റത്ത് മുന്നോട്ടും പിന്നോട്ടും പതുക്കെ നടക്കും.
‘ചേട്ടയെ’ അകറ്റുന്നത് ഈ തെയ്യങ്ങളാണത്രെ. വീടും പരിസരവും ചാണകം തെളിച്ച് ആടിവേടന്മാർ വരുന്നതിനു മുൻപേ ശുദ്ധീകരിച്ചിരിക്കും. പാട്ട് പാടിപ്പൊലിക്കുമ്പോൾ മലയന്റെ വേടനാണെങ്കിൽ കിണ്ണത്തിൽ കലക്കിയ കറുത്ത ഗുരുസി തെക്കോട്ടും, വണ്ണാന്‍റെ വേടനാണെങ്കിൽ ചുവന്ന ഗുരുസി വടക്കോട്ടും ഉഴിഞ്ഞ് മറിക്കണം.കരിക്കട്ട കലക്കിയതാണു കറുത്ത ഗുരുസി. മഞ്ഞളും നൂറും കലക്കിയതാണ് ചുവന്ന ഗുരുസി. ഗുരുസി കലക്കി ഉഴിഞ്ഞു മറിക്കുന്നതോടെ വീടും പരിസരവും പരിശുദ്ധമായി എന്നാണ് സങ്കല്പം.
ആടിവേടന്മാരെ വരവേൽക്കാൻ നേരത്തെ പറഞ്ഞ പോലെ നിറപറയും, നിലവിളക്കും വെച്ചിരിക്കും. കൂടാതെ മുറത്തിൽ അരി, പച്ചക്കറി, ധാന്യങ്ങൾ, ഉപ്പിലിട്ടത് തുടങ്ങിയ സാധനങ്ങളും വെച്ചിട്ടുണ്ടാകും. ഈ സാധനങ്ങളൊക്കെ വേടനും കൂട്ടർക്കുമുള്ളതാണ്.വെക്കേണ്ട കാഴ്ച വസ്തുക്കളുടെ പട്ടിക പാട്ടിലുണ്ടാകും. അതെല്ലാം തുണി മാറാപ്പിൽ ഇട്ട് തൊട്ടടുത്ത വീട്ടിലേക്ക് വേടൻ യാത്രയാകും. കൂടാതെ നെല്ലോ, പണമോ കൂടെ വീട്ടുടമസ്ഥർ അവർക്കു നൽകും.പഞ്ഞമാസമായ കർക്കിടകത്തിൽ ഭക്ഷണത്തിനുള്ള വക ഇങ്ങനെ അവർക്ക് ഇങ്ങിനെ ലഭിക്കുന്നു. രണ്ടു വേടന്മാരുടെയും പുരാവൃത്തം പാശുപതാസ്ത്ര കഥയാണ്. തപസ്സ് ചെയ്യുന്ന അര്‍ജ്ജുനനെ പരീക്ഷിക്കാന്‍ ശിവനും പാര്‍വതിയും വേട രൂപത്തിൽ പോകുന്ന പുരാണ കഥ.. ആ ഐതിഹ്യം ഇതാണ്:
മഹാഭാരതം വനപർവ്വത്തിൽ പറയുന്ന ഈ കഥ പാണ്ഡവരുടെ വനവാസകാലത്ത് സംഭവിച്ചതാണ്. തപസ്സു ചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി പരമശിവൻ വേടനായും പാർവ്വതി വേടത്തിയായും ഭൂതഗണങ്ങൾ അനുചരന്മാരുമായി വെഷംമാറി കാട്ടിലൂടെ നടക്കുമ്പോൾ, മൂകൻ എന്ന അസുരൻ ഒരു കാട്ടുപന്നിയുടെ രൂപത്തിൽ അർജ്ജുനനെ ആക്രമിക്കാൻ മുന്നിലെത്തി. അവിടെയെത്തിയ ശിവനും, അർജ്ജുനനും ഒരേസമയം അമ്പെയ്തതോടെ കാട്ടുപന്നിയായ മൂകാസുരൻ മരിച്ച് അസുരരൂപത്തിലായി മാറുന്നു. തുടർന്ന് പന്നിയെ(അസുരനെ) കൊന്നതിന്റെ അവകാശത്തർക്കമായി. അവർ തമ്മിലുള്ള യുദ്ധത്തിൽ വേടന്റെ ദേഹത്ത് അമ്പ് കൊള്ളാത്തതിൽ മനംനൊന്ത അർജ്ജുൻ, തന്റെ മുന്നിൽ വന്നത് സാക്ഷാൽ പരമശിവനാണെന്ന് തിരിച്ചറിഞ്ഞ് മാപ്പ്‌ചോദിച്ച് സ്തുതിക്കുന്നു. തുടർന്ന് അർജ്ജുനന് പാശുപതാസ്ത്രം നൽകി പരമശിവൻ അനുഗ്രഹിക്കുന്നു.
ഓണപ്പൊട്ടന്‍:
ഓണത്തോടനുബന്ധിച്ച് കെട്ടിയാടുന്ന ഈ തെയ്യം പൊതുവെ സംസാരിക്കില്ല. വായ തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നത് കൊണ്ട് ഓണപ്പൊട്ടന്‍ എന്നാണു ഈ തെയ്യം അറിയപ്പെടുന്നത്. മലയ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഇത് കെട്ടിയാടാറുള്ളത്. മുഖത്ത് ചായവും, കുരുത്തോലക്കുട, കൈത നാരു കൊണ്ട് തലമുടി, കിരീടം, കൈവള, പ്രത്യേക രീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങള്‍ ആണ് ഓണപ്പൊട്ടന്റെ വേഷ വിധാനം. താളും ചവിട്ടുകയും ഓടുകയും ചെയ്തു കൊണ്ടിരിക്കുന്ന ഓണപ്പൊട്ടന്‍ ഒരിക്കലും കാലു നിലത്ത് ഉറപ്പിക്കില്ല. ദക്ഷിണയായി അരിയും പണവും സ്വീകരിക്കും.
തെയ്യചൊല്ലുകള്‍:
പഴഞ്ചൊല്ലുകളെ പോലെ തന്നെ പ്രസിദ്ധമാണ് തെയ്യചൊല്ലുകളും. ചിന്തയിലും വ്യവഹാര ഭാഷയിലും തെയ്യം നിറഞ്ഞു നില്‍ക്കുന്ന ഉത്തര മലബാറുകാരന്‍റെ തെയ്യചൊല്ലുകളിലെക്ക് നമുക്ക് ഒന്ന് കണ്ണോടിക്കാം:
പോതി കൂടിയ പോലെ
കോമരം തുള്ളുമ്പോലെ
പോതി കെട്ടിയ വണ്ണാന്‍റെ പോയത്തം,
ചാമണ്ടി കെട്ടിയ മലയന്റെ സാമര്‍ത്ഥ്യം
കുളിയന്‍ കുഞ്ഞിനെ പോറ്റുമ്പോലെ
പനിയന്‍ നിരിപ്പില്‍ ചാടുമ്പോലെ
വന്നവര മടക്കണ്ട പോന്നവര വിളിക്കണ്ട
ഇതെന്ത് കോതാവരിയാ..
തെയ്യം കയിഞ്ഞ കാവുപോലെ
അടയാളം മേടിച്ചതല്ലേ എനി കെട്ടിയാട്വന്നെ
തീയന്‍ മൂത്താല്‍ തെയ്യം
വേലന്‍ പറ്റില്‍ കോലം
മലയന്റെ നാവില്‍ സരസ്വതി
മലയന്‍ കളിക്കുംപോലെ
വീരന്‍ കളിക്കുംപോലെ
ഊര്പ്പേച്ചീം വേട്ടക്കൊരുവനും പോലെ
തോറ്റം ചൊയലുംപോലെ
കുളിയന്‍ കൂടിയ പോലെ
തെയ്യം കൂടിയ പോലെ
തോറ്റത്തിനെ കൊണ്ടോവുമ്പോലെ
തെയ്യം വരുമ്പോലെ
തെയ്യത്തിനെന്താ തുള്ളിയാല്‍ പോരേ
കോള് കിട്ടീലേ ഇനി മടങ്ങിക്കോ
കടപ്പാട്: തെയ്യപ്രപഞ്ചം – ഡോ.ആര്‍. സി. കരിപ്പത്ത്, തെയ്യം കലണ്ടര്‍ ഡോട്ട്കോം, വിക്കിപീഡിയ, വിനീഷ് നരിക്കോട് മറ്റ് സുഹൃത്തുക്കള്‍